കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്നൂറോളം തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2017 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ കേന്ദ്രങ്ങളിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രവും (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളുടെ പ്രവര്‍ത്തനവും ഇതോടൊപ്പം ആരംഭിച്ചു.
ഓരോ തദ്ദേശ ഭരണ പ്രദേശ പരിധിയിലും നടത്തിയ അവസ്ഥ നിര്‍ണയ പഠനത്തെയും ശുചിത്വ മാലിന്യ സംസ്‌കരണ മാര്‍ഗരേഖയും ആധാരമാക്കി അതാതു സ്ഥാപനങ്ങള്‍ ശുചിത്വ മാലിന്യ സംസ്‌കരണത്തിന് തയ്യാറാക്കിയ പദ്ധതികള്‍ ഇതോടെ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും മാലിന്യശേഖരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള പ്രത്യേകസംഘമാണ് ഹരിത കര്‍മസേന. ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കാനായാണ് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇവിടെ നിന്നും ക്ലീന്‍ കേരള കമ്പനിയുടെ ആഭിമുഖ്യത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ബ്ലോക്കിലെ ഒരു കേന്ദ്രത്തില്‍ ആരംഭിക്കുന്ന റിസോഴ്സ് റിക്കവറി സംവിധാനത്തില്‍ എത്തിച്ച് തരംതിരിച്ച് വിവിധ രീതിയില്‍ പുനചംക്രമണം നടത്തുകയോ പുനരുപയോഗിക്കുകയോ ആണ് ചെയ്യുന്നത്. ഈ കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നുറുക്കി പൊടിക്കാനുള്ള ഷ്രെഡിംഗ് യൂണിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലഭ്യമാകുന്ന പ്ലാസ്റ്റിക് പൊടി റോഡ് ടാറിങ്ങിനുള്ള ടാറില്‍ ചേര്‍ത്ത് പുനരുപയോഗിക്കുകയാണ് ലക്ഷ്യം.
2017 ആഗസ്റ്റ് 15 ന് ആരംഭിച്ച ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പരിപാടിയില്‍ നവംബര്‍ ഒന്നിന് നടത്തുമെന്ന് പ്രഖ്യാപിച്ച ശുചിത്വ മാലിന്യ സംസ്‌കരണ നിര്‍വഹണ പദ്ധതികളുടെ ഉദ്ഘാടനം ആണ് എല്ലാ മണ്ഡലങ്ങളിലും മുന്നൂറോളം തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ നടന്നത്. മറ്റു ചില പഞ്ചായത്തുകളില്‍ ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) നടപ്പാക്കുന്നതിന്റെ ഉദ്ഘാടനവും നടന്നു.