ഒരു പുഴയെ തിരിച്ചു പിടിച്ച കഥ….വരട്ടാറിന്റെ കഥ…
പുഴ ഒരു നാടിന്റെ ജീവനാഡിയാണ്. പുഴകളുടെ നാടായ കേരളത്തില്‍ ഒരു പുഴ കാണെക്കാണെ ഇല്ലാതായി. പുണ്യനദി പമ്പയുടെ കൈവഴിയായ വരട്ടാര്‍. വരട്ടാറിനെ വീണ്ടെടുക്കാന്‍ ഒരു നാടാകെ ഒഴുകിയെത്തി. ഒരു പ്രായശ്ചിത്തം പോലെ. പുഴകള്‍ മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തെളിനീരുപോലൊരു മാതൃകയായി വരട്ടാര്‍. അത് ഒരു തുടര്‍ച്ചയായി. കോലറയാര്‍, കാനാമ്പുഴ, പള്ളിക്കലാര്‍, കുട്ടംപേരൂരാര്‍, തെറ്റിയാര്‍, കനോലി കനാല്‍, പമ്പ, മീനച്ചിലാര്‍-മീനന്തലയാര്‍-കൊടൂരാര്‍ തുടങ്ങിയ നദീസംരക്ഷണ കൂട്ടായ്മകള്‍ വരട്ടാറിന് ചുവട് പിടിച്ച് നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ക്കഥയാണ്.
അല്പം ചരിത്രം…
‘റ’ പോലെ വളഞ്ഞൊഴുകുന്ന ആദിപമ്പയില്‍ തുടങ്ങുന്ന ‘വരട്ടാര്‍’ മണിമലയാറിലേക്ക് കൈവഴിയായ് ഒഴുകിയെത്തുന്നു. ഈ രണ്ട് പ്രധാന ആറുകളിലേയും ജലനിരപ്പ് നിയന്ത്രിക്കുന്നതിനാല്‍ വെള്ളപ്പൊക്കത്തെ തടഞ്ഞു നിര്‍ത്തുന്നതില്‍ വരട്ടാര്‍ പ്രധാന പങ്കുവഹിച്ചു. 10 കിലോമീറ്റര്‍ നീളുന്ന യാത്രയില്‍ ഓതറ, ചേന്നാത്ത്, പടനിലം, പുതുക്കുളങ്ങര, പരുമൂട്ടില്‍ കടവ്, പന്നിവിഴ, തയ്യില്‍തോട്, അടിശേരില്‍ കടവ്, കുളങ്ങരയ്ക്കല്‍, തൈമറവുംകര , പുന്നയ്ക്കാട്ടു കടവ്, മാമ്പറ്റകടവ്, ആറാട്ടുകടവ്, തലയാര്‍, വഞ്ചിമൂട്ടില്‍, നന്നാട്, എരമല്ലിക്കര, ഈരടിച്ചിറ, ചെങ്ങന്നൂര്‍, ആറന്മുള തുടങ്ങിയ വൃഷ്ടിപ്രദേശങ്ങള്‍ക്ക് മുതല്‍ക്കൂട്ടായ ചരിത്രമാണ് വരട്ടാറിന് പറയാനുള്ളത്. 500 ഹെക്ടര്‍ പാടശേഖരങ്ങള്‍ക്കും 2000 ഹെക്ടര്‍ മറ്റു കൃഷികള്‍ക്കും ജലസേചനം നല്‍കിയിരുന്ന സ്വാഭാവിക ജലാശയം. 1964 വരെ കെട്ടുവള്ളങ്ങളും ആറന്മുളയിലേക്കുള്ള പള്ളിയോടങ്ങളും വരട്ടാറിന്റെ ജലസമൃദ്ധിയില്‍ അലതല്ലി. ചരക്കു വള്ളങ്ങള്‍ വരട്ടാര്‍ വഴി ആലപ്പുഴക്ക് നീങ്ങി. ചെങ്ങന്നൂര്‍, പത്തനംതിട്ട മേഖലകളിലെ കരിമ്പ് കൃഷി പൂര്‍ണമായും വരട്ടാറിനെ ആശ്രയിച്ചായിരുന്നു. തിരുവല്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ ഷുഗര്‍ കമ്പനിയിലേക്ക് ഈ പ്രദേശങ്ങളില്‍ നിന്ന് കരിമ്പെത്തിച്ചിരുന്നതും ഇതുവഴി തന്നെ. അതെല്ലാം ഇന്നും പഴമക്കാരുടെ ഓര്‍മ്മയിലുണ്ട്.
പുഴ മരിച്ചത് ഇങ്ങനെ…
ഓണാട്ടുകരയുടെ സമൃദ്ധി പഴങ്കഥയാകുന്നത് 30 കൊല്ലം മുന്‍പാണ്. എണ്‍പതുകളില്‍ വരട്ടാറിന് കുറുകെ കലുങ്കുകള്‍ പണിതത് വരട്ടാറിന്റെ ശവപ്പെട്ടിയിലെ ആദ്യ ആണിയായിരുന്നു. കലുങ്കുകള്‍ വന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. ഏഴ് കലുങ്കുകളാണ് 10 കിലോമീറ്റര്‍ നീളുന്ന വരട്ടാറിന് കുറുകെ പൊങ്ങിയത്. ഇതോടെ നദിയുടെ അടിത്തട്ട് താണു. നീരൊഴുക്ക് കുറഞ്ഞുവന്നു. പമ്പയുടെ കൈവഴികള്‍ മഴക്കാലത്തു പോലും മെലിഞ്ഞുണങ്ങി. നിയമം ലംഘിച്ച് പമ്പയുടെ ഹൃദയം തുരന്ന് മണല്‍ ലോറികള്‍ രാവും പകലും പാഞ്ഞു. പിന്നെ മാലിന്യ നിക്ഷേപവും പുഴയുടെ തീരങ്ങളില്‍ ഭൂമി കയ്യേറി കൃഷിയും. അതോടെ കുത്തിയൊഴുകിയ പുഴ എക്കലടിഞ്ഞ് മണ്‍കൂനയായി. ദാഹമകറ്റാന്‍ ജലമില്ലാതെ പ്രദേശം വരണ്ടുണങ്ങി. വരട്ടാര്‍ ഗതകാല സ്മരണ മാത്രമായി.
പുഴയെ അറിയാന്‍ യാത്ര…
അങ്ങനെ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കി. പുഴയെ വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ പലതുണ്ടായി. സര്‍ക്കാരിന്റെ പിന്തുണ ലഭിക്കാത്തതുകൊണ്ട് ആ ശ്രമങ്ങള്‍ പാഴായി. വര്‍ഷങ്ങള്‍ കടന്നു, 2016 ല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അവരുടെ ശ്രമങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചു. മെയ് 12 ന് നടന്ന മന്ത്രിമാരുടെ യോഗത്തില്‍ വരട്ടാറിന്റെ പുനരുജ്ജീവനം ‘ഹരിതകേരളം മിഷന്‍’ പദ്ധതിയോട് കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് മാത്രമായില്ല, ജനങ്ങള്‍ ഉണരണമായിരുന്നു, മുന്നിട്ടിറങ്ങണമായിരുന്നു. ആ തിരിച്ചറിവ് പിന്നീട് നടന്ന പൊതുപരിപാടിയില്‍ ദൃശ്യമായി. എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ മെയ് 26 ന് പടനിലത്തില്‍ നിന്നാരംഭിച്ച വിളംബര ജാഥയില്‍ കൂട്ടുകൂടിയ ജനക്കൂട്ടം മെയ് 29 ന് നടക്കാനിരുന്ന ‘ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവന യാത്ര’ യുടെ പങ്കാളിത്തം അരക്കെട്ടിട്ടുറപ്പിച്ചു. അങ്ങനെ ആ ദിവസമായി. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി തോമസ്, ഇ. ചന്ദ്രശേഖരന്‍, വീണാ ജോര്‍ജ്ജ് എം.എല്‍.എ, ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടിഎന്‍.സീമ എന്നിവര്‍ ‘വരട്ടെ ആറ് ‘ എന്ന പുഴനടത്തത്തിന് നേതൃത്വം നല്‍കി. അവിചാരിതമായി പെയ്ത മഴയെ വകവയ്ക്കാതെ നേതൃനിരയുടെ കൂടെ വലിയൊരു ജനക്കൂട്ടം വരട്ടാറിനെ വീണ്ടെടുക്കാന്‍ ഉറച്ച തീരുമാനവുമായി കിലോമീറ്ററുകള്‍ യാത്ര ചെയ്തു.
പുഴ പുനര്‍ജനിക്കുന്നു
പിന്നീട് നാട്ടുക്കൂട്ടങ്ങളുടെ കാലമായിരുന്നു. ജനപങ്കാളിത്തം വര്‍ധിച്ചു. സംഭാവനകളുടെ ഊര്‍ജ്ജത്തില്‍ ആദ്യഘട്ടം ഗംഭീരമായി. യന്ത്രങ്ങളായിരുന്നു താരങ്ങള്‍. മണ്ണുമാന്തികള്‍ ജലവഴികള്‍ തീര്‍ത്തു. പല കൂട്ടായ്മകളുടെയും കൈകളും കരുത്തായി. പുഴയൊഴുകുന്ന പഞ്ചായത്തുകളുടെ പദ്ധതികള്‍ ഒത്തുചേര്‍ന്നു. തുടര്‍ന്ന് ആറാട്ട് വഞ്ചിപ്പോട്ടിന്‍ കടവിലെയും പുതുക്കുളങ്ങരയിലെയും ചപ്പാത്ത് പൊളിച്ച് നീക്കി. വരട്ടാറിന് ആഴം കൂട്ടി. അതോടെ ഒഴുക്ക് വര്‍ധിച്ചു. ജലവിതാനം അനുദിനം ഉയര്‍ന്നു. തുടര്‍ഘട്ടത്തിന് തുടക്കമിടാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. സെപ്റ്റംബര്‍ 2 ന് പുതുക്കുളങ്ങരയില്‍ നടന്ന ചടങ്ങ് നാടിന് ആവേശമായി.
ഗതകാല സ്മരണയുണര്‍ത്തി പള്ളിയോടങ്ങള്‍ ഓളപ്പരപ്പിലേക്ക്.
വെട്ടിയെടുത്ത നദിയില്‍ വള്ളംകളി നടത്തിയാണ് ജനങ്ങള്‍ തങ്ങളുടെ വിജയം ആഘോഷിച്ചത്. ‘തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ്‌തെയ്‌തോം….’ ഇരുപത് വര്‍ഷം മുമ്പ് വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ നിലച്ച വരട്ടാറിന്റെ പുത്തനോളങ്ങളില്‍ വള്ളംകളിയും വഞ്ചിപ്പാട്ടും വീണ്ടുമെത്തിയപ്പോള്‍ ഈ യാഥാര്‍ഥ്യം വിശ്വസിക്കാനാകുന്നില്ല. അസാധ്യമെന്ന് കരുതിയത് സാധ്യമായപ്പോള്‍ അത്യാഹ്‌ളാദത്തോടും ആവേശത്തോടുംകൂടിയുമാണ് ഗ്രാമവാസികള്‍ അതിനെ വരവേറ്റത്.
വരട്ടാറിന്റെ രണ്ടാംഘട്ട പ്രഖ്യാപനങ്ങളോടനുബന്ധിച്ച് ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം വരട്ടാറില്‍ നടന്ന സൗഹൃദ വള്ളംകളി മത്സരം പുതുതലമുറയ്ക്ക് നവ്യാനുഭവമായപ്പോള്‍ പഴമക്കാരുടെ മനസില്‍ ആവേശത്തിരയിളക്കമായിരുന്നു. വരട്ടാറിന്റെ കരകളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേയുണ്ടായിരുന്ന പള്ളിയോടങ്ങളെല്ലാം വരട്ടാര്‍ പുനര്‍ജനിച്ചപ്പോള്‍ പുനര്‍ജനിക്കുകയായിരുന്നു. ഒരു നാടിന്റെ സാംസ്‌കാരിക ചരിത്രം നെഞ്ചോടുചേര്‍ത്ത് ഉയര്‍ത്തിപ്പിടിച്ചിരുന്ന പുതുക്കുളങ്ങര, ഓതറ, ഇടനാട്, കുന്നേക്കാട്, ആറാട്ടുപുഴ, മംഗലം തുടങ്ങിയ പള്ളിയോടങ്ങളെല്ലാം സൗഹൃദമത്സരത്തില്‍ ആവേശത്തോടെയാണ് അണിനിരന്നത്. ഇരുകരകളിലായി സാംസ്‌കാരിക മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ ഗ്രാമവാസികളും ഒഴുകിയെത്തിയിരുന്നു.
‘വരട്ടാര്‍ മാതൃക’ ഒരു പ്രതീക്ഷ
കേരളചരിത്രത്തില്‍ ഒരു പുഴ ഇല്ലാതായിപ്പോയതിന്റെ ആദ്യകഥ വരട്ടാറില്‍ നിന്ന് തുടങ്ങുന്നു. ഒരു പുഴയെ തിരിച്ചു പിടിച്ചതിന്റെ കഥയും വരട്ടാറില്‍ നിന്നും തുടങ്ങുന്നു. ഇടക്കാലത്ത് നദി മനുഷ്യന്റെ ആവശ്യത്തിന്റെ ഭാഗമല്ലാതായിരുന്നു. സഞ്ചാരണത്തിന് റോഡുകളും പാലങ്ങളും ദാഹമകറ്റാന്‍ കുഴല്‍ വെള്ളവും നമുക്കരികിലെത്തിയപ്പോള്‍ പുഴകളുടെ മഹത്വം തിരിച്ചറിയാന്‍ 30 പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. എങ്കിലും ‘വരട്ടാര്‍ മാതൃക’ ഒരു പ്രതീക്ഷയാണ്. ഉറവ വറ്റാത്ത പ്രതീക്ഷ. ജനങ്ങള്‍ മുന്നിട്ടിറങ്ങാന്‍, പുഴകള്‍ മനുഷ്യ സംസ്‌കാരത്തിലേക്ക് തിരിച്ചെത്താന്‍, പുതിയ തലമുറക്ക് അനുഭവിച്ചറിയാന്‍, നാളേക്ക് പകര്‍ന്നു നല്‍കാന്‍, പുതിയ പദ്ധതികള്‍ക്ക് പ്രചോദനമാകാന്‍ ഉതകുന്ന ഒരു പ്രതീക്ഷ.
പാഞ്ചാലിയുടെ ദാഹമകറ്റാന്‍ ഭീമന്‍ ചാലുകീറിയ വരട്ടാര്‍….
ഭീമന്റെ വാക്കുകള്‍ ഏറ്റു ചൊല്ലാന്‍ നമുക്കും ഒന്നുചേരാം…
‘വരട്ടെ ആറ്, വരട്ടെ ആറ്…’